എന്താണ് കളരിപ്പയറ്റ്

ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ ദൈന്യംദിന പരിശീലനം കൊണ്ട് ശാരീരികാരോഗ്യപുഷ്ടി മാത്രമല്ല ഉത്തമമായ ഒരായോധന മുറയിൽ വൈദഗ്ദ്യം കൂടി ആർജ്ജിക്കവാനുതകുന്നതും ആത്മരക്ഷയ്ക്കും ഒരുപോലെ അനുപേക്ഷണിയമായി തീരുന്നതും കേരളത്തിന്റെ തനതായ(എന്ന് പറയുന്നു) ആയോധന സമ്പ്രദായമെന്നഭിമാനിക്കാവുന്നതുമായ ഒരു കായിക കലയാണ് കളരിപ്പയറ്റ്. ചിരപുരാതനവും കാലോചിതവുമായ ഒരു സ്വയരക്ഷാ മാർഗ്ഗമാണിത്. ശരീരത്തെ ആയുധമാക്കിയും ബോധമണ്ഡലത്തെ സംശുദ്ധമാക്കിയും അഭ്യസിക്കുന്ന ഈ വിദ്യയിൽ സ്വയരക്ഷാമാർഗ്ഗം രണ്ട് വിധത്തിലാണ് പഠിപ്പിക്കുന്നത്.
1. കായികഭ്യാസത്തിൽ കൂടി മാനസിക പരിവർത്തനം: അതായത് അച്ചടക്കം,ക്ഷമ, ദയ, സഹജീവികളോടുള്ള ബഹുമാനം.
2. മാനസിക പരിവർത്തനത്തിലൂടെ ആത്മീയകത്തിലേക്കുള്ള വഴി: അതായത് ജീവിതം പൂർണ്ണമായി ദൈവത്തിൽ അർപ്പിച്ച് കൊണ്ടുള്ള ജീവിതം.ഇതാണ് കായികഭ്യാസത്തിന്റെ അടിത്തറ.

ശരീരത്തിന്റെ സ്വാധീനത, കാലുകളുടെ വേഗത, കണ്ണുകളുടെ സൂക്ഷ്മത, കൈകളുടെ ലാഘവം ഇത്തരത്തിലുള്ള ശാരീരിക സിദ്ധികൾ സ്വയത്തമാക്കുന്നതിന്ന് വേണ്ടി പ്രതിഭാശാലികളായ ആചാര്യന്മാർ ആവിശ്കകരിച്ച അതുല്ല്യമായ അഭ്യാസ പദ്ധതിയാണ് കളരിപ്പയറ്റ്. ഇത് അച്ചടക്കത്തിലും ഗുരുഭക്തിയിലും അതിഷ്ഠിതമാണ്. കളരിയിലേക്ക് ഇറങ്ങുന്നത് പോലും വലത്ത് കാൽ വെച്ചായിരിക്കണമെന്ന നിശ്കർഷത ഈ അച്ചടക്ക പരിശീലനത്തിന്റെ ഭാഗമാണ്. കളരിയിലെ ഗുരു-ശിഷ്യ ബന്ധം പണ്ടത്തെ ഗുരുകുല പാരമ്പര്യങ്ങൾക്കനുസൃതമായി തുടർന്ന് വരുന്ന ഉത്തമമായ ഒന്നാണ്.

അചഞ്ചലമായ അച്ചടക്കവും ആത്മാർപ്പണമായ സമർപ്പണ മനോഭാവവും കൂടാതെ കളരിപ്പയറ്റിലെ അനർഘങ്ങളായ വിദ്യകൾ സ്വയത്തമാക്കാൻ ഒരാൾക്കും സാധിക്കുകയില്ല. കളരിഗുരുനാഥനും ഈ മഹത്തായ ഗുണവിശേഷം ശിഷ്യനിൽ ഉണ്ടാക്കാൻ തക്ക യോഗ്യതയുള്ള ആളായിരിക്കണം.

വിദ്യയിൽ അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്നവനും, ഗ്രഹണ ശക്തിയിലും, പ്രയോഗ സാമർത്ഥ്യത്തിലും മികച്ച് നിൽക്കുന്നവനു, തികഞ്ഞ ആത്മസംയമനം പാലിക്കാൻ കഴിവുള്ളവനുമായ ശിഷ്യനിൽ ഗുരുനാഥന് പ്രത്യേക പ്രതിപത്തി ഉണ്ടാകും. പല ഗുരുനാഥന്മാർക്കും തങ്ങളുടെ അറിവിലുള്ള നിഗൂഢ വിദ്യകൾ പഠിപ്പിയ്ക്കാൻ മനസിനിണങ്ങിയ ശിഷ്യന്മാരെ കിട്ടായ്കയാൽ ആർക്കും കൈമാറാനിടവരാതെ ആ ഗുരുഭൂതന്മാരോടൊപ്പം അത്തരത്തിലുള്ള വിദ്യകൾ മൺമറഞ്ഞു പോയതായി പറയപ്പെടുന്നുണ്ട്.

കളരിപ്പയറ്റ് എന്ന മഹത്തായ കല പഠിക്കാനും പഠിപ്പിക്കാനും സ്വജീവിതം ഉഴിഞ്ഞ് വെച്ച ഗുരുനാഥന്മാർ കൃത്യമായ പ്രതിഫലം ഈടാക്കുക പതിവില്ലായിരുന്നു. കളരിപ്പയറ്റിൽ ഒരു പുതിയ ഇനം(വിദ്യ) പഠിക്കാൻ തുടങ്ങുന്നത് ഗുരുനാഥന് പ്രത്യേകം ദക്ഷിന നൽകിയിട്ട് വേണമെന്നാണ് വഴക്കം. കളരികളിൽ എല്ലാ ദിവസവും വർഷം മുഴുവനും വിദ്യ പഠിപ്പിച്ച് പോനിരുന്നു.എന്നാൽ ചില കളരികളിൽ ഉഷ്ണ കാലത്ത് അദ്ധ്യായനം നിർത്തി വയ്ക്കുമായിരുന്നു.മഴക്കാലവും തണുപ്പ് കാലവുമാണ് എണ്ണതേച്ചുഴിയാനും കഠിന വ്യായാമങ്ങൾ പരിശീലിക്കുവാനുമുള്ള നല്ല കാലം.

കളരിപ്പയറ്റിന്നു മറ്റ് ആയോധന സമ്പ്രദായങ്ങളെ  അതിശയിക്കുന്ന വൈശിഷ്ടം ഉണ്ടന്ന് പറഞ്ഞേതീരൂ.മറ്റ് വിദ്യകളെ പുച്ഛിക്കുകയോ, അവയുടെ പ്രാധാന്യത്തെ അവഗണിച്ച് കാണുകയോ അല്ല. ഞങ്ങളുടെ വന്ദ്യ ഗുരുനാഥൻ സി എം എം ഗുരുക്കൾ എപ്പഴും പറയാറുണ്ടായിരുന്നു, "അഭ്യാസങ്ങൾ ഏതും നല്ലതാണ്, എന്നാൽ കളരി അഭ്യാസങ്ങളുടെ മാതാവാണ് " എന്ന്.എല്ലാ അഭ്യാസങ്ങളും കളരിയിൽ നിന്ന് ഉണ്ടായി എന്നുള്ള അർത്ഥത്തിലല്ല, കളരിയുടെ പ്രാധാന്യത്തെ കുറിച്ചാണ് അങ്ങനെ പറഞ്ഞത്.

മറ്റ് ആയോധന വിദ്യകളിലൊന്നും കാണാത്തതും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയടുത്തതുമായ ഒന്നാണ് വടക്കൻ സമ്പ്രദായത്തിലെ മെയ്പ്പപ്പയറ്റ്. അത് ശരീരത്തിന്റെ സ്വാധീനത,കാലുകളുടെ ത്വരിത ചലനം, കൈകളുടെ അസാമാന്യ വേഗത എന്നിവ ഇതിലൂടെ സ്വയത്തമാക്കപ്പെടുന്നു.ഇത് തന്നെയാണ് മറ്റുള്ളവയിൽ നിന്ന് ഇതിനെ വിശിഷ്ടമാക്കുന്നത്.കളരിപ്പയറ്റ് മനസ്സിന്ന് ഉന്മേശവും ഏകാഗ്രതയും തരുന്നു.ഇത് ശരീരത്തിലെ ദുർമേദസ് മാറ്റി ആരോഗ്യവും രൂപവും നൽകുന്നതോടൊപ്പം  ഉത്തമനായ ഒരു വ്യക്തിയെ രൂപപ്പെടുത്താൻ സഹായിക്കുന്നതുമാണ്.






 

Comments

Popular posts from this blog

തേവർ വള്ളൻ

വിവിധ തരം ചുവടുകൾ

മർമ്മം എന്താകുന്നു(ആയൂർവേദം)