കളരിപ്പയറ്റിലെ വടിവുകൾ
ചില ചുവടുകൾ അംഗീകരിച്ച് കൊണ്ട് ആക്കത്തോട് കൂടി നിലയുറപ്പിക്കുന്ന സമ്പ്രദായങ്ങളെയാണ് വടിവുകൾ എന്ന് പറയുന്നത്. ശത്രുവിന്റെ അക്രമണത്തെ പ്രതിരോധിക്കുന്നതിന്ന് വേണ്ടിയും തിരിച്ച് ആക്രമിക്കുന്നതിന്ന് വേണ്ടിയും ചില ഘട്ടങ്ങളിൽ ചില പ്രത്യേക നിലകൾ സ്വീകരിക്കേണ്ടി വരാറുണ്ട്. അത് പക്ഷികളുടെയും മ്യഗങ്ങളുടെയും ആയ നിലകൾ ആവാം. ഈ നിലകളെയാണ് വടിവുകൾ എന്ന് പറയുന്നത്.
വടിവുകളിൽ നിലയുറപ്പിച്ച് ചെയ്യുന്ന പ്രയോഗങ്ങൾക്ക് ആക്കവും ബലവും കൂടും. പ്രകൃതിയിൽ കാണപ്പെടുന്ന പക്ഷി മൃഗാദികൾ ഇരപിടിക്കാനും തമ്മിൽ പൊരുതാനും ഉപയോഗിച്ച് വരുന്ന രീതികളെ സസൂക്ഷ്മം പഠിച്ച് സന്ദർഭാനുസരണം അവയെ അനുകരിച്ച് ആവിശ്കകരിച്ചതായിരിക്കാം ഈ നിലകൾ(വടിവുകൾ) എന്ന് അനുമാനിക്കുന്നു. കളരിയഭ്യാസത്തിലെ പല പ്രയോഗങ്ങളും ഏറ്റവും ഫലപ്രദമായ രീതിയിലും ആവശ്യമായ ബലവും ആക്കവും കൊടുത്തും ചെയ്യണമെങ്കിൽ അതാതു പ്രയോഗങ്ങൾക്ക് അനുസൃതമായ വടിവുകൾ അവലംഭിച്ചു വേണം നീക്കങ്ങളും മറ്റും നടത്താൻ. ആയുധ പ്രയോഗങ്ങളും അതിസൂക്ഷ്മങ്ങളായ മർമ്മ പ്രയോഗങ്ങൾ പോലും അതത് വടിവുകൾ അവലംബിച്ച് പ്രയോഗിച്ചാലാണ് ഏറ്റവും ഫലപ്രദമാകുക. ചില മർമ്മ പ്രയോഗങ്ങൾ പോലും ഫലവത്താവണമെങ്കിൽ വടിവുകൾ അവലമ്പിച്ച് ചെയ്യേണ്ടതായി വരും.
വടിവുകളിൽ നിലയുറപ്പിക്കാനും അതിൽ നിന്ന് നീക്കങ്ങളും പ്രയോഗങ്ങളും ചെയ്യുന്ന തിന്നും വളരെ സമയം വേണമെന്ന് നമുക്ക് സംശയം ഉണ്ടായിരിക്കും. എന്നാൽ നിത്യേ നയുള്ള പരിശീലനം കൊണ്ട് ആർക്കും കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ചെയ്യാൻ സാധിക്കുന്നതാണിത്. "വേഗത്തിൽ ചെയ്യാൻ സാധിക്കാത്ത വിദ്യകൊണ്ട് വിശിഷ്യാ ആയോധന വിദ്യകൊണ്ട് ഒരു ഗുണവും ഇല്ല ".
ഓരോ വടിവും അവലംഭിച്ചതിൽ പിന്നീട് ഒന്നോ ഒന്നിലധികമോ നീക്കങ്ങളോട് കൂടി മാറ്റാനെ എതിർക്കുന്നതിൽ "പാച്ചൽ " എന്നും വടിവിൽ ഉറച്ച് നിന്ന് മർമ്മ പ്രയോഗങ്ങളോട് കൂടിയോ അല്ലാതെയോ ശത്രുവിനെ മലർത്തുന്നതിന്ന് "ചടകം " എന്നും പറയുന്നു.

Comments
Post a Comment